Friday, January 23, 2009

ഇവിടെ യഥാര്‍ഥ പ്രശ്നം സാരിയോ പര്‍ദയോ?

ഡോ.ഖദീജ മുംതാസ് ഒരഭിമുഖം കൊടുത്തിരിക്കുന്നു. മാത്ര്യഭൂമിയില്‍. 'പര്‍ദ'യാണു വിഷയം.തന്റെ നോവല്‍ 'ബര്‍സ' ചര്‍ച്ചകളില്‍ നിറയുന്നതിനു ചുവടു പിടിച്ചാണ് അഭിമുഖം! തസ്ലീമയുടെ 'ലജ്ജ'ക്ക് ഹിത്യനിലവാരത്തിന്റെ കാര്യത്തില്‍ ചവറ്റു കൂനയിലാണു സ്ഥാനമെന്ന് എം. ക്ര്യഷ്ണന്‍ നായര്‍ എഴുതിയിരുന്നു. ലജ്ജ'ക്ക് ശേഷം ബര്‍സയും ആഘോഷിക്കപ്പെടുകയാണിപ്പോള്‍. സത്യത്തില്‍ ഇത്ര മാത്രം ഘോഷിക്കപ്പെടുവാന്‍ എന്തെങ്കിലും മൂല്യമുണ്ടോ ഈ 'ബര്‍സ'യില്‍? ഇതൊരു നോവല്‍ തന്നെയോ?! ബര്‍സയുടെ മൂല്യത്തെക്കുറിച്ച് പറയാന്‍ എന്തായാലും ഇന്ന് വാരഫലക്കാരന്‍ ഇല്ലാതെ പോയി!മറ്റെല്ലാ സ്ത്രീകളെയും പോലെ മുസ്ലിം സ്ത്രീകള്‍ക്കും ഒരു പാട് പ്രശ്നങ്ങളുണ്ടെന്നത് ശരി.വെല്ലുവിളികള്‍ അവരും നേരിടുന്നുണ്ട്. പുരുഷാധിപത്യ സമൂഹത്തിന്റെ, അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ.... അങ്ങിനെ ഒരു പാടൊരു പാട് സ്ത്രീ പ്രശ്നങ്ങള്‍.. പക്ഷേ എല്ലാം മതത്തിനു മേല്‍ വെച്ച് കെട്ടാനുള്ള വ്യഗ്രതയില്‍ ചിലര്‍ എഴുതുന്നത് കണ്ടാല്‍ തോന്നുക മുസ്ലിം സ്ത്രീ നേരിടുന്ന പ്രശ്നങ്ങളുടെ മൂലകാരണം പര്‍ദ ധരിക്കുന്നതും സാരി ഉടുക്കാത്തതും മാത്രമാണു എന്നായിരിക്കും. ഡോക്ടറുടെ അഭിമുഖം ഈ തോന്നലിനു ശക്തി പകരുന്നു. 'ബര്‍സ'യുടെ രാഷ്ട്രീയം വളരെ വ്യക്തം. മക്കയില്‍ പോയി ജീവിക്കുന്നു ഡോ.സബിത. അവിടെ അവര്‍ കാണുന്നതും നേരിടുന്നതുമോ? ഒരു പ്രവാസി മലയാളി പോലും കാണാത്ത കാഴ്ചകളും അനുഭവങ്ങളും! അറബ് ലോകത്തെക്കുറിച്ചും അറബ് സംസ്കാരത്തെക്കുറിച്ചും 'ബര്‍സ' പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? അറബ് വനിതകളുടെ കാര്യത്തില്‍ ഇവര്‍ പ്രസരിപ്പിക്കുന്ന ആശയം സത്യത്തിനു നിരക്കുന്നതോ?
പര്‍ദ ഒരു വസ്ത്രമെന്ന നിലയില്‍ അറബ് ലോകത്ത് സ്ത്രീത്വത്തിന്റെ സ്വാത്രന്ത്ര്യനിഷേധമെന്ന നിലയില്‍ ഇന്നേ വരെ വിലയിരുത്തപ്പെട്ടിട്ടില്ല. ഒരു മുസ്ലിം വനിതയും പര്‍ദയുടെ പേരില്‍ തേങ്ങുന്നില്ല.ഒരു അറബ് 'മുസ്ലിം വനിത'യും അങ്ങിനെ പര്‍ദയെ കൂച്ചു വിലങ്ങായി, സ്വാതന്ത്ര്യ നിഷേധമായി, നോക്കിക്കണ്ടിട്ടില്ല. അല്ലെങ്കിലും എങ്ങിനെയാണു ശരീരം മൂടുന്ന ഒരു വസ്ത്രം -എല്ലാ പൊടിപ്പും തൊങ്ങലുകളുമുള്ള ആയിരം വര്‍ണങ്ങളില്‍, നൂറു നൂറു ഡിസൈനുകളില്‍, എമ്പ്രോയ്ഡറികളില്‍ പുറത്തിറങ്ങുന്ന ഒരു വസ്ത്രം ഇത്ര മേല്‍ അപരിഷ്ക്ര്യതമായിപ്പോകുന്നത്? ശരീരം മറക്കുന്ന വസ്ത്രങ്ങളൊക്കെ പ്രാക്ര്യതമെന്നത് പുരുഷാധിപത്യം ഉല്പാദിപ്പിക്കുന്ന ദ്ര്യശ്യബിംബങ്ങള്‍ക്ക് ശക്തി പകരുകയല്ലേ?മത വിരോധത്തിന്റെ മഞ്ഞക്കണ്ണും, ഇസ്ലാം ചിഹ്നങ്ങള്‍ വാരിപ്പുണരുന്നവരോടുള്ള ഇഷ്ടക്കേടും ഒഴിച്ചു നിര്‍ത്തിയാല്‍, സാരിയും പര്‍ദയും തമ്മില്‍ എന്താണിത്ര വലിയ വ്യത്യാസമുള്ളത്?എവിടെയാണവ സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവുമായി വേര്‍പിരിയുന്നത്? അറബ് ലോകത്ത് പര്‍ദ ഇങ്ങിനെ പ്രശ്നവല്‍ക്കരിക്കപ്പെട്ടതായി കണ്ടിട്ടില്ല. അറേബ്യന്‍ വനിതകള്‍ക്ക് മറ്റു പല പ്രശ്നങ്ങളുമുണ്ടാകാം. പക്ഷേ അവര്‍ പര്‍ദയുടെ ഉള്ളില്‍ വീര്‍പ്പുമുട്ടുന്നു ഒക്കെ പറയുന്നത്-കേവലം അസത്യ പ്രചാരണം മാത്രമാണെന്ന് അറബികളെ കണ്ടു പരിചയമുള്ളവര്‍ക്കൊക്കെ അറിയാം. പര്‍ദയും മഫ്തയുമൊക്കെ അവര്‍സ്വാഭീഷ്ട പ്രകാരം അണിയുന്നു ! ഇത് നിഷേധിക്കാന്‍ അറബ് ലോകം പരിചയമുള്ളവര്‍ക്കൊന്നും കഴിയില്ല തന്നെ. ഇഷ്ട പ്രകാരം വസ്ത്രം ധരിക്കാന്‍ മാത്രമല്ല ,കാര്യങ്ങള്‍ തീരുമാനിക്കാന്‍ വരെ സ്വാതന്ത്ര്യമുള്ള പുരുഷാധിഷ്ഠിതമേ അല്ലാത്ത ഒരു വ്യവസ്ഥയില്‍ ഒരു അറേബ്യന്‍ 'ഡോ.സബിത' ജനിക്കുകയില്ല.
സ്ത്രീ വിമോചന പ്രശ്നങ്ങളെ വസ്ത്രധാരണത്തിന്റെ ചോയ്സുകളിലേക്ക് ചുരുക്കിക്കെട്ടുന്ന രീതി ഡോ.ഖദീജ മുംതാസിനെയും പിടികൂടിയിരിക്കുന്നു. അറേബ്യയിലും കേരളത്തിലുമൊന്നും പെണ്ണിനെ പര്‍ദയില്‍ ആരും തളച്ചിട്ടിട്ടില്ല. സമ്മര്‍ദ്ദമുണ്‍ടാകാം. ഭര്‍ത്താക്കന്മാര്‍ നിര്‍ദേശിക്കുന്നുണ്ടാകാം. ഭര്‍ത്താവ് ഇന്ന് സാരിയുടുക്കണമെന്ന് പറഞ്ഞാല്‍ സാരി തന്നെ ഉടുക്കേണ്ടി വരുന്ന പുരുഷാധിപത്യ പ്രശ്നങ്ങള്‍ മാത്രമേ പര്‍ദ ഉടുക്കണമന്ന് പറഞ്ഞാല്‍ ഉല്‍ഭവിക്കുന്നുള്ളൂ.സാരിയല്ല ഞാന്‍ ഇന്ന് ചുരിദാര്‍ ആണു ധരിക്കുന്നതെന്ന് പറയാന്‍ പെണ്ണിനു കഴിയുന്നെങ്കില്‍,അവളങ്ങിനെ ആഗ്രഹിക്കുന്നെങ്കില്‍, പര്‍ദയെയും നിരസിക്കാന്‍ അവള്‍ക്ക് എളുപ്പത്തില്‍ കഴിയും.ഭര്‍ത്താവ് പറഞ്ഞത് കൊണ്ട് മാത്രം പര്‍ദ ധരിക്കുന്ന എത്ര മലയാളി യുവതികളെ ചൂണ്ടിക്കാണിക്കാന്‍ കഴിയും ഡോക്ടര്‍ക്ക്?
കേരളത്തിലെ 'മുസ്ലിം' സമൂഹത്തില്‍ നിന്ന് തന്നെയാണു നളിനി ജമീലയും ഷക്കീലയുമൊക്കെ പിറന്നിട്ടുള്ളത്. അവരാരെയും ഇവിടുത്തെ 'ഇസ്ലാം' പരദയണിയിപ്പിച്ചിട്ടില്ല. ഭര്‍ത്താവ് പറഞ്ഞാല്‍ ഭാര്യ അനുസരിക്കുന്നു എന്നത് ഇസ്ലാമിക സമൂഹത്തിന്റെ മാത്രം പ്രത്യേകതയല്ല. നമ്മുടെ സനാതന സാമൂഹിക മൂല്യങ്ങളുടെ തന്നെ ഭാഗമാണെന്നാര്‍ക്കാണറിഞ്ഞു കൂടാത്തത്? പ്രവാചക പത്നിമാരുടെ മനോവിചാരങ്ങളെ ചരിത്ര ബന്ധമില്ലാതെ അതിഭാവുകത്വം ചേര്‍ത്ത് പുനര്‍ വായിക്കുമ്പോള്‍, അത് മറുപടിയെങ്കിലും അര്‍ഹിക്കുന്നുണ്ട്. അതെക്കുറിച്ച് പിന്നൊരിക്കലാകാം.
പക്ഷേ സ്ത്രീയുടെ പ്രശ്ങ്ങളെ ഡോക്ടര്‍ വസ്ത്ര ചര്‍ച്ചയില്‍ കെട്ടിയിടുന്നത് തേഞ്ഞു പഴകിയ ഇസ്ലാം വിരോധമല്ലാതെ മറ്റൊരു യുക്തിയും ഉല്പ്പാദിപ്പിക്കുന്നില്ല. ജീന്‍സും ടോപ്പുമണിഞ്ഞാല്‍, പര്‍ദ ഉപേക്ഷിച്ചാല്‍, പെണ്ണിനു സ്വാതന്ത്ര്യമാകുമോ? പ്രിയ ഡോക്ടര്‍ സബിത (ഡോ.ഖദീജ) ഒന്നു പറഞ്ഞു തരുമോ? താങ്കള്‍ ഏത് മക്കയിലാണു പോയതെന്ന്? ഏത് അറേബ്യന്‍ നഗരത്തിലാണു ജീവിച്ചതെന്ന്? ഒരിക്കലെങ്കിലും ഗള്‍ഫില്‍ പോയവര്‍ക്കറിയാം.അവിടുത്തെ സ്ത്രീ അനുഭവിക്കുന്ന അമിത സ്വാതന്ത്ര്യത്തെക്കുറിച്ച്!പര്‍ദയിട്ട് കാറു മാത്രമല്ല വിമാനം വരെ ഓടിക്കുന്നവര്‍..തെരുവുകളില്‍ നിറയുന്നവര്‍...സ്വന്തമായി അസ്തിത്വവും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ളവര്‍.അറേബ്യയിലെ പുരുഷന്മാര്‍ക്കുള്ളതിന്റെ നാലിലൊന്നു പ്രശ്നങ്ങള്‍ പോലും അവിടുത്തെസ്ത്റീ സമൂഹത്തിനില്ല. പാതിരാവുകളില്‍ മക്കയിലും മദീനയിലും മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന നൂറു കണക്കിനു-സ്ത്രീകളെക്കാണാം..പര്‍ദയിട്ടവര്‍...അറബിപ്പെണ്ണ് കിട്ടാത്ത സ്വാതന്ത്ര്യമുന്തിരിയെക്കുറിച്ച് ഇതുവരെയും പരാതി പറഞ്ഞിട്ടില്ല. കാരണം അവള്‍ക്ക് സ്വത്തുണ്ട്. കാറുണ്ട്. എല്ലാമുണ്ട്. പുരുഷന്മാര്‍ക്കു നേരെ പ്രയോഗിക്കാന്‍ ഡൈവോഴ്സ് ലൈസന്‍സ് പോലുമുണ്ട്.ഒരു പ്രവാസി ഇന്ത്യക്കാരന്‍ പോലും സമ്മതിച്ചു തരില്ല ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍.ബ്ലൗസും സാരിയും ധരിക്കുന്ന മലയാളിമങ്കക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്തശക്തിയും അധികാരവും സ്വാതന്ത്ര്യവും പര്‍ദയിട്ട പെണ്ണീനു ഗള്‍ഫില്‍ കിട്ടുന്നതെങ്ങിനെ?അവര്‍ക്കാര്‍ക്കും തോന്നാത്തത് ഡോക്ടര്‍ക്ക് തോന്നുന്നതങ്ങിനെ?...ഇറാനില്‍ പര്‍ദയിട്ട സ്ത്രീകള്‍ നിലവാരമുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നു...പിന്നെ, എന്തിനാണു ഡോക്ടര്‍ വെറുതെ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ പര്‍ദയില്‍ ചുരുക്കിയിടുന്നത്?വേഷത്തില്‍ ഉദാരതയായാല്‍ പെണ്ണീനു വിമോചനം കിട്ടുമോ?
നാലുവയസ്സുകാരിക്ക് പോലും രക്ഷയില്ലാത്ത കേരളത്തില്‍, കോട്ടയം മുത്തശ്ശിപത്രങ്ങളുടെ ഇക്കിളി വനിതാ മാഗസിനുകള്‍ പോലും വസ്ത്രധാരണത്തിന്റെ മാനേഴ്സ് മഹിളകളെ ഉദ്ബോധിപ്പിക്കുന്ന ഈ കാലത്തെങ്കിലും പര്‍ദയെ ഇത്ര മേല്‍ വിമര്‍ശിക്കേണ്ടതുണ്ടോ? പര്‍ദ കാണുമ്പോള്‍ നെറ്റി ചുളിയുന്നത് പല രോഗങ്ങള്‍ കൊണ്ടുമാകാം. ഇറാനിലേക്ക് നോക്കിയാല്‍ കാണാം. പര്‍ദ സാമൂഹിക തലങ്ങളില്‍ പെണ്ണിനെ എവിടെയെല്ലാം സുരക്ഷിതയാക്കുന്നുവെന്ന്. വസ്ത്രങ്ങള്‍ ഊരിയെറിയുന്ന പാശ്ചാത്യ ലോകത്ത് മിനിറ്റില്‍ ഏഴുതവണ ബലാല്‍ക്കാരങ്ങള്‍ നടക്കുമ്പോള്‍, 'അച്ഛനില്ലാത്ത' മക്കള്‍ പെരുകുമ്പോള്‍, മൂടിപ്പൊതിഞ്ഞു നടക്കുന്നത് കൊണ്ട് പ്രശ്നങ്ങളുണ്ടാകുന്നു എന്ന വാദത്തിനെന്തര്‍ത്ഥമാണുള്ളത്? ലിബറല്‍ വസ്ത്രധാരണം എവിടെയെങ്കിലും സ്ത്രീക്ക് രക്ഷയായിട്ടുണ്ടോ?
പര്‍ദ എന്ന ഒരു പ്രത്യേക വസ്ത്രത്തെ ഇസ്ലാം നിര്‍ദേശിച്ചിട്ടൊന്നുമില്ല. മാന്യമായി വസ്ത്രം ധരിക്കാനാണാവശ്യപ്പെട്ടിട്ടുള്ളത്. മാന്യമായ വസ്ത്രമായി പര്‍ദ ആവിഷ്കരിക്കപ്പെടുന്നതും,സാരിയെ അങ്ങിനെ മനസിലാക്കാന്‍ കഴിയാത്തതും ഇസ്ലാമിന്റെ കുഴപ്പം കൊണ്ടല്ല.പര്‍ദയുടുത്ത് പതിനാലു വയസില്‍ ലോകോത്തര സിനിമ സം വിധാനം ചെയ്യാനും ലോകമേളകളില്‍ പ്രദര്‍ശിപ്പിക്കാനും ഇറാനിയന്‍ വനിതകള്‍ക്ക് കഴിയുന്നെങ്കില്‍,ഗള്‍ഫിലെ പര്‍ദ ധാരിണികള്‍ കേരളത്തിലെ ഫെമിനിസ്റ്റുകള്‍ക്ക് പോലും സ്വപ്നം കാണാന്‍ കഴിയാത്ത സ്വാതന്ത്ര്യത്തിന്റെ ലോകത്ത് ജീവിക്കുന്നുവെങ്കില്‍, പര്‍ദ ധരിച്ചത് കൊണ്ട് മുസ്ലിം സ്ത്രീ നൂറ്റാണ്ടുകളുടെ പിറകിലേക്ക് പോകുന്നു എന്ന വാദത്തിലെവിടെയാണു കഴമ്പ്?വേഷം കൊണ്ടും രൂപം കൊണ്ടും ആരെങ്കിലും അസ്വാതന്ത്ര്യം അനുഭവിക്കുമോ?ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് തലപ്പാവ് അസ്വാതന്ത്ര്യമല്ലെങ്കില്‍, നാനാ ജാതി വേഷവിധാനങ്ങളെ അലങ്കാരമാക്കിയ സമൂഹങ്ങള്‍ ഇടതിങ്ങി ജീവിക്കുന്ന സമൂഹത്തില്‍ പര്‍ദ മാത്രം അസ്വീകാര്യമാകുന്നതെങ്ങിനെ?ഇവിടെ ആരും ആരെയും പര്‍ദ ധരിപ്പിക്കുന്നില്ല. പര്‍ദ പ്രചരിക്കുകയാണെന്നത് ശരി.ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ. അതിലെന്താണിത്ര കുഴപ്പം? ശരീരം പ്രദര്‍ശിപ്പിച്ചാലേ സ്ത്രീ വിമോചിതയാകൂ എന്നുണ്ടോ? കാമക്കണ്ണും ക്യാമറക്കണ്ണും വനിതകള്‍ക്ക് പ്രശ്നങ്ങള്‍ സ്ര്യഷ്ടിക്കുമ്പോള്‍ എവിടെയാണു പര്‍ദ ഒരു പ്രശ്നമാകുന്നത്?
ഞാന്‍ പര്‍ദ ഉടുക്കുന്നില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം വേണ്ടത്രയുള്ളപ്പോള്‍,പര്‍ദ ഉപേക്ഷിച്ച് , സാരിയുടുത്ത് ജീവിക്കാന്‍ ഖദീജ മുംതാസിനു സ്വാത്രന്ത്ര്യമള്ളപ്പോള്‍,ആരും പര്‍ദയുടുക്കരുത് എന്ന് പറയുന്നതല്ലേ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ നിഷേധം?ഞാന്‍ സാരിയുടുക്കുന്നു. അവള്‍ പര്‍ദയുടുക്കുന്നു. ഇവിടെയെവിടെയാണ് മിസ്, പ്രശ്നം?സാരിയോ പര്‍ദയോ ആണോ ഇവിടെ യഥാര്‍ഥ പ്രശ്നം? അതോ മറ്റെന്തെങ്കിലുമോ? ഇസ്ലാം വിരോധം പോലുള്ളതെന്തെങ്കിലും?