Tuesday, April 6, 2010

സ്ത്രീ ഇസ്‌ലാമില്‍



ലോകത്തെ പ്രഥമ നിയമവ്യവസ്ഥ യുണ്ടാക്കിയത് ബാബിലോണിയയിലെ ആദ്യകാല രാജാക്കന്മാരില്‍ ഒരാളായ ഹമൂറാബിയാണെന്ന് പറയപ്പെടുന്നു. ആ പ്രഥമ നിയമവ്യവസ്ഥയില്‍പോലും സ്ത്രീ ജന്മം മ്ലേച്ചമായി ദര്‍ശിച്ചിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിന്റെ മുമ്പ് ചില ഗോത്രങ്ങള്‍ പെണ്‍കുട്ടികളുടെ ജനനത്തെ നിഷേധിച്ചിരുന്നു. ഗര്‍ഭ പാത്രത്തില്‍ വെച്ച് ശിശു ആണോ പെണ്ണോ എന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ കൊന്നൊടുക്കി അവളുടെ ജന്മാവകാശത്തെ പോലും അവര്‍ ഹനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ആ സംഭവത്തെ വിവരിക്കുന്നത് കാണുക : "അവരില്‍ ഒരാളോട് പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം കറുത്തിരുണ്ടതാകുന്നു. അവന്‍ കോപം നിറഞ്ഞവനുമാണ്. അവനോടു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടതിന്റെ മ്ലേച്ചതയാല്‍ (അപമാനം ഭയന്ന്) ജനങ്ങളില്‍ നിന്നവന്‍ മറയുന്നു. അപമാനം സഹിച്ചു (കൊല്ലാതെ) അതിനെ ജീവിക്കുവാന്‍ അനുവദിക്കണോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണോ (എന്നവന്‍ ശങ്കിച്ച് നില്‍ക്കുന്നു). അറിയുവിന്‍, അവരുടെ വിധി എത്ര ചീത്ത!" [നഹ്ല്‍ 58 ,59]

പെണ്‍ജന്മം സന്തോഷവാര്‍ത്തയാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. മറ്റൊരു സംഭവം ഖുര്‍ആനില്‍ വിവരിക്കുന്നത് കാണുക: "ഇമ്രാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ഓര്‍മ്മിക്കുവിന്‍). എന്റെ നാഥാ, എന്റെ ഉദരത്തിലുള്ളതിനെ സ്വതന്ത്രമാക്കപ്പെട്ടനിലയില്‍ നിനക്കുവേണ്ടി ഞാന്‍ നേര്‍ച്ച നേരുന്നു. അതിനാല്‍ എന്റെ പക്കല്‍നിന്നും സ്വീകരിച്ചാലും. നിശ്ചയം നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌. അങ്ങനെ അവള്‍ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു : എന്റെ രക്ഷിതാവേ, ഞാന്‍ ഇതിനെ പെണ്ണായി പ്രസവിച്ചിരിക്കുന്നു. -അല്ലാഹുവാകട്ടെ അവള്‍ പ്രസവിച്ചതിനെ സംബന്ധിച്ചു അറിയുന്നവനാണ്-. ആണ് പെണ്ണിനെപ്പോലെയല്ല. ഞാന്‍ അതിനു മര്‍യം എന്ന് പേരിട്ടിരിക്കുന്നു. അതിന്റെയും അതിന്റെ സന്താനങ്ങളുടെയും കാര്യത്തില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്നും ന്നിന്നോട് ഞാന്‍ അഭയം തേടുന്നു. അപ്പോള്‍ അവളെ (കുഞ്ഞിനെ) അവളുടെ നാഥന്‍ നല്ലനിലയില്‍ സ്വീകരിച്ചു. അവളെ ഉത്തമമായി വളര്‍ത്തുകയും ചെയ്തു" [ആലു ഇമ്രാന്‍ 36 ,37].

പെണ്‍കുട്ടിയായതിനാല്‍ മോശമായിപ്പോയി എന്ന ഇമ്രാന്റെ ഭാര്യയുടെ ചിന്താഗതിയെ അല്ലാഹു തിരുത്തുകയാണ്. ആണിനെക്കാള്‍ നല്ല രീതിയില്‍ അല്ലാഹു ആ പെണ്‍കുഞ്ഞിനെ സ്വീകരിച്ചു. അവന്റെ പ്രത്യേക പരിഗണനയും ആദരവും നല്‍കി അവളെ വളര്‍ത്തി. അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ)ക്ക് പെണ്മക്കള്‍ മാത്രമാണ് ജീവിച്ചിരുന്നത്. അവര്‍ മുഖേന അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിച്ചു. ഒരുപുരുഷ
ന്റെ
പിതാവാകാനുള്ള ഭാഗ്യം അല്ലാഹു അദ്ദേഹത്തിന് നല്‍കിയില്ല. "മുഹമ്മദ്‌ നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല" [അഹ്സാബ് 41].

പെണ്‍കുട്ടികളെ മോശമായി ദര്‍ശിക്കുന്ന സമൂഹം നശിച്ചുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. "തങ്ങളുടെ (പെണ്‍ )സന്തതികളെ യാതോരരിവുമില്ലാതെ മൂഡമായി വധിച്ചവര്‍ നഷ്ട്ടത്തില്‍ പതിച്ചു." [ആന്‍ആം]. "കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് അവള്‍ എന്ത് കുറ്റം നിമിത്തമാണ് വധിക്കപ്പെട്ടതെന്നു ചോദിക്കപ്പെടുമ്പോള്‍ " [തക്-വീര്‍ 8 ,9 ]. ഭ്രൂണം പെണ്‍കുഞ്ഞിന്റെതായതിനാല്‍ അതിനെ നശിപ്പിച്ചുകളഞ്ഞവരും ഈ വിചാരണയെ നേരിടേണ്ടിവരും. മനുഷ്യമനസ്സിന്റെ വികലമായ ചിന്താഗതിയെയാണ് ഖുര്‍ആന്‍ ഇവിടെ ചോദ്യം ചെയ്യുന്നത്. അതായത്, ആണ്‍ ജന്മത്തെക്കാള്‍ നിലവാരം കുറഞ്ഞതാണ് പെണ്‍ജന്മം എന്ന ചിന്താഗതിയെ. ജനിച്ച പെണ്‍ കുഞ്ഞിനെ വധിക്കുന്നവന്റെയും ഭ്രൂണത്തെ നശിപ്പിക്കുന്നവന്റെയും ചിന്താഗതി ഒന്ന് തന്നെയാണ്.

മുഹമ്മദ്‌ നബി (സ) ആണിന്റെ ജനനത്തെക്കാള്‍ പ്രാധാന്യം കല്പ്പിച്ചിരുന്നത്‌ പെണ്‍കുട്ടികളുടെ ജന്മത്തിനാണ്. അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക : "ആഇശ (റ) നിവേദനം, ഒരിക്കല്‍ ഒരു സ്ത്രീ ഭിക്ഷയാചിച്ചുകൊണ്ട് എന്റെ അരികില്‍വന്നു. അവളുടെ രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നു. ഒരു കാരക്കയല്ലാതെ മറ്റൊന്നും എന്റെയടുത്തു ഉണ്ടായിരുന്നില്ല. അത് ഞാന്‍ അവര്‍ക്ക് കൊടുത്തു. അവളതു കുട്ടികള്‍ക്ക് ഭാഗിച്ചു കൊടുത്തു. അവളൊന്നും കഴിച്ചില്ല. പിന്നീട് ഈ സംഭവം ഞാന്‍ നബി (സ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : ഈ പെണ്‍കുട്ടികള്‍ നിമിത്തം വല്ലവരും പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവന്‍ അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്‌താല്‍ നരകത്തില്‍ നിന്ന് അവര്‍ അവനു ഒരു മറയാകിത്തീരുന്നതാണ്." [ബുഖാരി,മുസ്ലിം]. ആണ്‍ കുട്ടികള്‍ നരകത്തില്‍ നിന്നും മറയായിത്തീരുമെന്നു നബി (സ) ഇത്ര വ്യക്തമായി പ്രസ്താവിക്കുന്നില്ല.

നബി (സ) പറഞ്ഞു : "പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക്‌ സ്വര്‍ഗ്ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍ നിന്നും അയാളെ മോചിപ്പിക്കുകയോ ചെയ്യും." [മുസ്‌ലിം]

നബി (സ) പറഞ്ഞു : "ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ വിഭവങ്ങളില്‍ ഉത്തമമായത് നല്ല സ്ത്രീകളാണ്," [മുസ്‌ലിം]
നബി (സ) പറഞ്ഞു : "സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവര്‍ പാപികളാണ്." [നാസാഈ]

നബി (സ) പറഞ്ഞു : "വല്ലവനും രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. അവന്‍ അവരെ വളര്‍ത്തി. എങ്കില്‍ പരലോകത്ത് ഞാനും അവനും ഇപ്രകാരം വരുന്നതാണ്. ശേഷം നബി (സ) തന്റെ വിരലുകള്‍ തമ്മില്‍ യാതൊരു വിടവുമില്ലാതെ ചേര്‍ത്ത്പിടിച്ചു." [മുസ്‌ലിം]

by എ അബ്ദുസ്സലാം സുല്ലമി @ സ്തീകളുടെ അവകാശങ്ങള്‍